മലയാളസിനിമയിലെ പോസ്റ്ററുകളും അതിന്റെ ബ്രിലിൻറ്സുംമാണ് ഈ പോസ്റ്റിലൂടെ ജോസ്മോൻ വാഴയിൽ എഴുതുന്നത്.
“ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള” എന്ന സിനിമയുടെ ടൈറ്റിലിൽ തന്നെ അതിന്റെ കഥാതന്തു അവ്യക്തമായി വരച്ചുകാണിച്ചിട്ടുണ്ട്. ഞണ്ടുകൾ എന്നതിൽ നിന്ന് ക്യാൻസർ എന്നത് വ്യക്തമാണെങ്കിലും, നാട്ടിൽ എന്ന് എഴുതിയിരിക്കുന്നതിൽ “വള്ളി” മാത്രക്കൊപ്പം ഒരു ചെമ്പരത്തിപ്പൂ കാണിച്ചിരിക്കുന്നതിന്റെ അർത്ഥം എല്ലാവർക്കും മനസിലായില്ലെങ്കിലും, അത് ഉണ്ടാക്കിയവർക്ക് കൃത്യമായി അറിഞ്ഞാണ് അത് വരച്ചിരിക്കുന്നത്. സ്തനാർബുദ്ദം എന്ന ആശയത്തെയാണ് ആ പൂവിലൂടെ വരച്ച് കാണിച്ചിരിക്കുന്നത്. ഒന്ന് സൂക്ഷിച്ചു നോക്കിയാൽ സ്തനഗ്രന്ഥികളാൽ ആണ് പൂവായ് വരച്ചുകാണിച്ചിരുക്കുന്നത് എന്നത് വ്യക്തമാവും. സിനിമയുടെ ഇതിവൃത്താന്തത്തെ വളരെ കൃത്യമായി പ്രതിബാധിച്ച്, അങ്ങനെ വളരെ അർത്ഥസമ്പൂർണ്ണമാണ് അതിന്റെ ടൈറ്റിൽ ഡിസൈൻ. ഇങ്ങനെ അർത്ഥപൂർണ്ണമായ ചില ടൈറ്റിലുകളെ അറിയാനാണ് ഈ നൂൽപോസ്റ്റ്...
‘ആമേൻ’ എന്ന ലിജോ പള്ളിശേരി സിനിമയിറങ്ങിയ നാളുകളിൽ അതിന്റെ ടൈറ്റിൽ വരച്ചതിനേക്കുറിച്ചൊക്കെ വാർത്തകളിൽ നിറഞ്ഞതിനു ശേഷം, അങ്ങനെയുള്ള ടൈറ്റിലുകൾ ഒക്കെ നോർമ്മൽ ആയി. അതുകൊണ്ട് തന്നെ അതൊന്നും വാർത്തകളിൽ തെളിയാതെയും, പലതിലേയും അർത്ഥം പോലും അറിയാതെയും പോയി.
പഴയകാല ടൈറ്റിലുകളിൽ ഇങ്ങനെ, ഈയോരു സംഭവം അത്രയധികമായി കാണപ്പെട്ടിട്ടില്ല. മണിചിത്രത്താഴ്, വൈശാലി, ഇവയിലൊക്കെ ഒരു ഫീൽ കൊടുക്കുന്നുണ്ടെങ്കിലും കഥാസാരവുമായി കാര്യമായി ബന്ധമുണ്ടെന്ന് തോന്നുന്നില്ല. ചാന്തുപ്പൊട്ടിലെ പൊട്ടോ, മീശമാധവനിലെ മീശയോ, കിളിചുണ്ടൻ മാമ്പഴത്തിലെ മാങ്ങയോ ഒക്കെ പോലെ ഉള്ളതല്ല ഞാൻ പറഞ്ഞു വരുന്നത്. അങ്ങനെ പറയാൻ ഒരുപാട് ഉണ്ടാവും. അലമാര എന്ന ടൈറ്റിൽ ഒരു അലമാര തന്നെയുണ്ട്. വെളിപാടിന്റെ പുസ്തകത്തിൽ ഒരു പുസ്തകം തന്നെ ഉണ്ട്. അതൊക്കെ കൊള്ളാമെങ്കിലും....
ഞാൻ പറഞ്ഞ് വരുന്നത് “കപ്പേള” പോലുള്ള ടൈറ്റിൽ ആണ്. ടൈറ്റിലിൽ പോലും കഥയുള്ളവ. സിനിമയിൽ പറയാതെ ബാക്കി വക്കുന്ന കടംകഥ “കടുകുമണിക്കൊരു കണ്ണുണ്ട്.... ആ കണ്ണിനകത്തൊരു കരടുണ്ട്” എന്നതിന്റെ ഉത്തരം തന്നെ ടൈറ്റിലിൽ ഒളിപ്പിച്ച്, ആ ടൈറ്റിൽ കൂടി നാം മനസിലാക്കുമ്പോഴേ കഥ പൂർണ്ണമാവുന്നുള്ളു എന്നൊരു അവസ്ഥ.
പഴയ “ഫ്രണ്ട്സ്” സിനിമയുടെ ടൈറ്റിലിൽ മൂന്നക്ഷരങ്ങളെ കൂട്ടിയിണക്കിയിരിക്കുന്നതായി കാണാം. അത് തന്നെയായിരുന്നു ഫ്രണ്ട്സിന്റെ കഥാതന്തുവും. എന്നാൽ കപ്പേള പോലെ അത്ര വലിയ രീതിയിൽ കാര്യങ്ങൾ സംസാരിക്കുന്നുമില്ല. കപ്പേളയിലെ നായികയുടെ അമ്മയുടെ തുന്നലും, ബെന്നിയുടെ തുണിക്കടയും, ഏറ്റക്കുറച്ചിലുകളിലും മനോഹാരിതയുള്ള എംബ്രോയിഡറി ആയി, അവരുടെ ജീവിതത്തെ തന്നെയും വരച്ചു വക്കുന്നുണ്ട്.
ചാർലിയുടെ വർണ്ണാഘോഷവും, പ്രേമം എഴുതിയതിലെ പൂമ്പാറ്റകളെ സിനിമയിൽ അവിടിവിടെയായി കാണിക്കുന്നതും, തീവണ്ടിയിലെ സിഗരറ്റുകളും, പാവാടയിലെ അയയിൽ കെട്ടിയ തുണിയക്ഷരങ്ങളും ഒക്കെ ഇങ്ങനെയുള്ള ബേസിക് കോൺസപ്റ്റ് ടൈറ്റിലുകൾ ആയി കാണാം. ജെല്ലിക്കെട്ട് വളരെ മനോഹരമായ മറ്റൊരു ടൈറ്റിൽ ആയിരുന്നു. അത് ഡിസൈൻ ചെയ്ത ആർ. മഹേഷിനെ വേദനയോടെ ഓർക്കുന്നു. ‘സുഡാനി ഫ്രം നൈജീരിയ’ യും അദ്ദേഹത്തിന്റെ ഡിസൈൻ തന്നെ ആയിരുന്നു എന്ന് കേട്ടിരുന്നു. ‘അമ്പിളി’ യിലെ അമ്പിളിയുടെ സൈക്കിൾ തന്നെ കാണിക്കുമ്പോൾ, ‘സൈക്കിൾ തീവ്സിൽ’ഉം സൈക്കിൾ കാണാം. ‘മഹേഷിന്റെ പ്രതികാരം’ത്തിന്റെ ടൈറ്റിലിൽ ഫോട്ടോയുടെ ഫ്ളാഷും, മഹേഷിന്റെ അലറലും എല്ലാം കാണിച്ചിട്ടുണ്ട്. ‘ആൻഡ്രോയിഡ് കുഞ്ഞപ്പൻ’ന്റെ സൈഡിൽ ഒരു QR കോഡ് ഇട്ടതും അർത്ഥവത്തായി തോന്നി, അത് സ്കാൻ ചെയ്താൽ അതിന്റെ നിർമ്മാതാക്കളുടെ വെബ്സൈറ്റിലേക്ക് വഴി തെളിഞ്ഞിരുന്നു അന്നൊക്കെ. ഇന്നാ സൈറ്റേ ഇല്ലാന്നാ പറയുന്നത്...!!!
‘കെട്ടിയോളാണെന്റെ മാലാഖ’യിൽ സ്ളീവാച്ചൻ എത്രത്തോളം കുട്ടിയാണ് എന്ന് ടൈറ്റിലിലെ ആ എഴുത്തിൽ വായിക്കാവുന്നതാണ്. അതുപോലെ, പ്രാഞ്ചിയേട്ടന് ഒരു പേരില്ലാ എന്നതായിരുന്നല്ലോ ഒരു പ്രധാനപ്രശ്നം. ആ പ്രശ്നത്തിന് പരിഹാരം ടൈറ്റിലിൽ വലുതാക്കി കൊടുക്കുന്നുണ്ട്. സെയിന്റിനേക്കാൾ വലുപ്പത്തിൽ നല്ല ഗോൾഡൻ പ്ളെയിറ്റിൽ അടിച്ച പേര്. പക്ഷെ അപ്പോഴും അടിച്ചു വന്നത് പ്രാഞ്ചിയേട്ടൻ എന്ന് തന്നെ. അതാണ് ‘പ്രാഞ്ചിയേട്ടൻ & ദ സെയിന്റ്’ ന്റെ ടൈറ്റിൽ പറയുന്നത്. പിന്നെ ലൂസിഫർ പോലുള്ള ചില സിനിമകളുടെ ടൈറ്റിലുകൾ ഒക്കെ പണ്ടെ കീറിമുറിച്ച് ചർച്ചാവിഷയങ്ങൾ ആയിട്ടുള്ളതാണല്ലോ.!
ഇതുപോലെ, ‘ടേക്ക് ഓഫ്’ലെ വെള്ളരിപ്രാവുകൾ നേഴ്സുമാരുടെ പുതിയ ജീവിതത്തിലേക്കുള്ള പറന്നുള്ള തിരിച്ച് വരവാകാം. ‘ആമി’യിൽ കമലാ ദാസെന്ന എഴുത്തുകാരിയുടെ മഷിക്കുപ്പിയിൽ നിന്നും മഷി പകർന്ന ടൈറ്റിലെങ്കിൽ, ‘കമ്മട്ടിപ്പാടം’തിൽ പകർന്നുകിടക്കുന്നത് ചോരയാണ്. ‘പൊറിഞ്ചുമറിയംജോസ്’ഉം എഴുതിയിരിക്കുന്നത് രക്തത്തിൽ തന്നെ. ‘കിംഗ് ലയർ’ എന്നത് ഒരു പദവി ആയി നായകൻ കൊണ്ടുനടക്കുന്നു എന്നതാവാം അതിന്റെ ടൈറ്റിൽ വരച്ച് വക്കുന്നത്.
മറ്റൊരു മനോഹരമായി ഡിസൈൻ ചെയ്തത് എന്ന് തോന്നിയ ടൈറ്റിൽ ആയിരുന്നു “ചോല”യുടേത്. ചോരയെന്ന് ഒറ്റനോട്ടത്തിൽ വായിക്കുകയും, ചോരയുടെ ‘ര’യിൽ നിന്ന് രക്തം വാർന്ന് ‘ചോല’യാക്കപ്പെട്ടതുമായ ടൈറ്റിൽ. ഗംഭീരചിന്ത.
ഒരു സിനിമക്കായി ചിന്തിക്കുന്നത് പോലെ തന്നെ ഇന്ന് ടൈറ്റിൽ ഡിസൈനിനു വേണ്ടിയും ചർച്ചകൾ നടക്കുന്നു എന്നതാണ് വാസ്തവം. അതുകൊണ്ട് തന്നെ ഞാനിവിടെ പറഞ്ഞതിലും ഒരുപാട് അധികമായി പലതിലും പല അർത്ഥതലങ്ങളും പ്രതിബാധിച്ചിട്ടുണ്ടാവാം, ഉറപ്പ്. ഇങ്ങനെ സിനിമാ പേരുകൾ ഡിസൈൻ ചെയ്യുമ്പോൾ അതിൽ കഥയെ ചുറ്റിപ്പറ്റിയ ആവിഷ്കാരങ്ങൾ ക്രിയേറ്റീവ് ആയി ഉൾപ്പെടുത്തുന്നത് ഇപ്പോൾ പഴയകാലത്തേ അപേക്ഷിച്ച് കൂടുതൽ ആയി കാണുന്നുണ്ട്. വളരെ പ്ളെയിൻ ടൈറ്റിൽ ആയാൽ ശെരിയാവില്ല എന്നൊന്നും പറയാൻ ആവില്ല. ചില ടൈറ്റിലുകൾക്ക് തുന്നൽപണികളുടെ ആവശ്യമുണ്ടാവാറെ ഇല്ല. ‘ഉയരെ’, ‘ഹെലൻ’ ഒക്കെ അതിന്റെ സിമ്പ്ളിസിറ്റിയിൽ തന്നെ അർത്ഥവത്തും കാര്യഗൗരവം നിറഞ്ഞതുമാണ് എന്ന് വേണം മനസിലാക്കാൻ.
എഴുതിയത് - ജോസ്മോൻ വാഴയിൽ
https://www.facebook.com/photo?fbid=10157493390972023&set=gm.3266140270143560
ReplyDeleteREVISED