ശ്രീപ്രകാശ് സംവിധാനം ചെയ്ത ഗമനം എന്ന ചിത്രത്തിൽ ചെയ്യാത്ത കുറ്റത്തിന്റെ പാപവും പേറി കുടുംബത്തിനാൽ ഉപേക്ഷിക്കപ്പെട്ട് മദ്യത്തിൽ അഭയം പ്രാപിച്...
ശ്രീപ്രകാശ് സംവിധാനം ചെയ്ത ഗമനം എന്ന ചിത്രത്തിൽ ചെയ്യാത്ത കുറ്റത്തിന്റെ പാപവും പേറി കുടുംബത്തിനാൽ ഉപേക്ഷിക്കപ്പെട്ട് മദ്യത്തിൽ അഭയം പ്രാപിച്ചു അലഞ്ഞു നടക്കുന്ന ചെറിയാച്ചൻ "ഞാൻ ഒരും തെറ്റും ചെയ്തിട്ടില്ല..എന്നിട്ടും എന്തിനെന്നെ ഇങ്ങനെ ശിക്ഷിക്കുന്നു" എന്ന് ചോദിച്ചുകൊണ്ട് ഭാര്യയും മക്കളും താമസിക്കുന്ന വീട്ടിലേക്ക് വരുന്നു.
അയാളുടെ മുഖത്തിന് നേരെ മകൻ വാതിൽ കൊട്ടിയടക്കുമ്പോൾ ആകെ തകർന്ന് കൊണ്ട് വേച്ചുപോകുന്ന കാലുകളോടെ കണ്ണീരണിഞ്ഞു പിറുപിറുത്തുകൊണ്ട് അയാൾ തിരിച്ചുപോകുന്ന ഒരു രംഗമുണ്ട്..അവിടെ തിലകനില്ല.. ചെറിയാച്ചനേയുള്ളൂ..
തന്റെ സൂക്ഷ്മാഭിനയം കൊണ്ട് തിലകൻ അതിഗംഭീരമാക്കിയ ചെറിയാച്ചൻ മലയാളസിനിമയിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നായത് അദ്ദേഹത്തിന്റെ അഭിനയപാടവം കണ്ടിട്ടുള്ളവർക്ക് അത്ഭുതമല്ല.1972 ൽ പിജെ ആന്റണി സംവിധാനം ചെയ്ത പെരിയാർ എന്ന സിനിമയിലെ ചെറിയ വേഷത്തിലൂടെ നാടകരംഗത്ത് നിന്നും സിനിമയിലേക്കുള്ള ആദ്യ ചുവട് വയ്പ്പ്.
പിന്നാലെ വന്ന ഗന്ധർവ്വക്ഷേത്രത്തിലും ഉൾക്കടലിലും അധികം ശ്രദ്ധിക്കപ്പെടാതെ പോയ കഥാപാത്രങ്ങൾ.
1981 ൽ പുറത്തിറങ്ങിയ കെജി ജോർജിന്റെ കോലങ്ങൾ എന്ന സിനിമയിലെ കള്ളുവർക്കി എന്ന കഥാപാത്രവും തൊട്ടടുത്ത വർഷം ഇറങ്ങിയ യവനികയിലെ വക്കച്ചനും ശ്രദ്ധിക്കപ്പെട്ടതോടെ തിലകൻ എന്ന അഭിനയസൂര്യന്റെ ഉദയം തുടങ്ങുന്നു.
അവിടുന്നങ്ങോട്ട് എത്രയെത്ര ചിത്രങ്ങൾ..
അഭിനയമുഹൂർത്തങ്ങൾ..നാടകത്തിന്റെ അതിഭാവുകത്വമേതുമില്ലാതെ അദ്ദേഹം തിരശീലയിൽ ജീവിക്കുകയായിരുന്നു.
ഋതുഭേദത്തിലെ മൂപ്പിൽനായരും സന്താനഗോപാലത്തിലെ കൃഷ്ണകുറുപ്പും
തനിയാവർത്തനത്തിലെ വല്യമ്മാവനും മൂന്നാംപക്കത്തിലെ മുത്തച്ഛനും പെരുന്തച്ചനിലെ രാമൻതച്ചനും കിരീടത്തിലെ അച്യുതൻനായരും കുടുംബപുരാണത്തിലെ ശങ്കരൻനായരും
അഥർവ്വത്തിലെ മേക്കാടനും കാട്ടുകുതിരയിലെ കൊച്ചുവാവയും സന്ദേശത്തിലെ രാഘവൻനായരും ഗോഡ്ഫാദറിലെ ബലരാമനും കിന്നരിപ്പുഴയോരത്തിലെ വൈദ്യരും സ്ഫടികത്തിലെ ചാക്കോമാഷും കിലുക്കത്തിലെ ജസ്റ്റിസ് പിള്ളയും ഉസ്താദ് ഹോട്ടലിലെ കരീംക്കയും ഇന്ത്യൻറുപ്പിയിലെ അച്യുതമേനോനും എന്ന് വേണ്ട അദ്ദേഹം അഭിനയിച്ചു തീർത്ത എണ്ണിയാലൊടുങ്ങാത്ത കരുത്തുറ്റ കഥാപാത്രങ്ങൾക്ക് പകരം വെക്കാൻ മലയാളസിനിമയിൽ മറ്റാർക്കുമാവില്ല.
വാത്സല്യനിധിയായ അച്ഛൻ കഥാപാത്രങ്ങൾ മാത്രമല്ല അദ്ദേഹം കെട്ടിയാടിയത്.പത്മരാജന്റെ നമുക്ക് പാർക്കാൻ മുന്തിരിതോപ്പുകളിലെ പോൾ പൈലോക്കാരൻ എന്ന ക്രൂരനായ വില്ലനും
കണ്ണെഴുതിപൊട്ടുംതൊട്ടിലെ നടേശൻമുതലാളിയും നാടോടിക്കാറ്റിലെ അനന്തൻനമ്പ്യാർ എന്ന സരസനായ വില്ലനും ജോർജുകുട്ടിയിലെ ഇട്ടിച്ചനുമെല്ലാം അദ്ദേഹത്തിന്റെ കൈയ്യിൽ ഭദ്രമായിരുന്നു.
ചക്കിക്കൊത്ത ചങ്കരനിലെ ശങ്കരൻതമ്പിയെയും മൂക്കില്ലാരാജ്യത്തെ കേശവൻനായരെയും സന്മനസ്സുള്ളവർക്ക് സമാധാനത്തിലെ ദാമോദർജിയും പോലുള്ള ഹാസ്യകഥാപാത്രങ്ങളും അദ്ദേഹം മനോഹരമായി കെട്ടിയാടി പ്രേക്ഷകനെ രസിപ്പിച്ചു.
അദ്ദേഹത്തിന്റെ ഏറ്റവും ഇഷ്ടമുള്ള കഥാപാത്രമേതെന്ന് ചോദിച്ചാൽ ഏത് തിരഞ്ഞെടുക്കണമെന്നറിയാതെ ഉഴറും.
എല്ലാ കഥാപാത്രങ്ങളും തച്ചന്റെ കരവിരുതിൽ കുറവുകളില്ലാതെ പണിതീർന്ന ശിൽപ്പങ്ങൾ പോലെ മനോഹരം.തോപ്പിൽ ഭാസിയുടെ മകൻ അജയൻ സംവിധാനം ചെയ്ത പെരുന്തച്ചൻ എന്ന സിനിമ തിലകൻ എന്ന നടനവിസ്‌മയത്തിന്റെ പൂർണ്ണതയായിരുന്നു.
രാമൻതച്ചൻ എന്ന പെരുംതച്ചന്റെയും മകനായ കണ്ണന്റെയും കഥ അജയൻ അഭ്രപാളിയിൽ എത്തിച്ചപ്പോൾ ആ കഥാപാത്രമായി തിലകൻ അക്ഷരാർത്ഥത്തിൽ ജീവിക്കുകയായിരുന്നു. മകനോട് തോന്നുന്ന ആശയപരമായ സംഘർഷങ്ങളിൽപെട്ട് ഉഴറുന്ന പെരുന്തച്ചനെ തിലകൻ അവിസ്മരണീയമാക്കി.
ചെയ്യാത്ത തെറ്റിന് കുടുംബത്തിനാൽ തിരസ്കൃതനായി ഉരുകി ജീവിച്ചു ഒടുവിൽ മരണത്തിൽ അഭയം തേടുന്ന ഗമനത്തിലെ പോലീസ്കാരനായ ചെറിയാച്ചനും കൊച്ചുമകനെ ജീവന് തുല്യം സ്നേഹിക്കുന്ന അവന്റെ മരണത്തിൽ മനംനൊന്ത് അവന്റെ പിന്നാലെ കടലിന്റെ ആഴങ്ങളിലേക്ക് പോയ മൂന്നാംപക്കത്തിലെ മുത്തച്ഛനും മകനെക്കുറിച്ചുള്ള സ്വപ്‌നങ്ങൾ തകർന്ന് വിലപിക്കുന്ന കിരീടത്തിലെ അച്ഛനും
സ്വന്തം അച്ഛന്റെ മരണം നെഞ്ചിൽ കെടാത്ത കനൽപോലെ കൊണ്ട് നടന്ന കാട്ടുകുതിരയിലെ കൊച്ചുവാവയും സ്വസ്ഥമായ വിശ്രമജീവിതം മക്കൾ കാരണം താറുമാറായ സന്ദേശത്തിലെ പാവം രാഘവൻനായരും ഉഴപ്പനായ മകനെ ജീവിതത്തിലെ വിലയേറിയ പാഠം പഠിപ്പിക്കുന്ന വീണ്ടും ചില വീട്ടുകാര്യങ്ങളിലെ കൊച്ചുതൊമ്മനും ഓട്ടകാലണയാണെന്ന് തെറ്റിദ്ധരിച്ച മകൻ സ്ഫടികമായിരുന്നുവെന്ന് തിരിച്ചറിയുന്ന സ്ഫടികത്തിലെ ചാക്കോമാഷും എല്ലാം എന്നെ വല്ലാതെ സ്പർശിച്ചിട്ടുണ്ട്.
മോഹൻലാലും തിലകനും മത്സരിച്ചഭിനയിച്ച കിരീടം സിനിമയിൽ ഗുണ്ടയെ തല്ലി ലോക്കപ്പിൽ ആവുന്ന അയാളുടെ സകലപ്രതീക്ഷയും ആയിരുന്ന മകനെ പോലീസ് കോൺസ്റ്റബിൾ ആയ അച്യുതൻനായർ തല്ലുന്ന ഒരു രംഗമുണ്ട്.പിടിച്ചുമാറ്റുന്ന എസ്‌ഐയോട് "ഇവനെ..കൊന്ന് കളഞ്ഞേക്ക് സാറേ..എനിക്കിനി ഇവനെ വേണ്ട"എന്ന് നെഞ്ചുപൊട്ടി പറഞ്ഞു കൊണ്ട് ഇടറിയ കാലടികളോടെ നടന്നുപോകുന്ന അയാൾ രാത്രി ലോക്കപ്പിൽ കിടക്കുന്ന മകന് ഭക്ഷണപൊതിയുമായി വരുന്നു..ഒന്നും മിണ്ടാതെ ഭക്ഷണം വാരിക്കഴിക്കുന്ന മകനോട് "സഹിക്കാൻ..പറ്റാണ്ടാ അച്ഛൻ.."
എന്ന് നിറഞ്ഞ കണ്ണുകളോടെ പറഞ്ഞത് കേട്ടപ്പോൾ നിറഞ്ഞത് പ്രേക്ഷകന്റെ കണ്ണുകൾ കൂടിയായിരുന്നു.
പ്രേക്ഷകന്റെ വികാരങ്ങളെ തിലകൻ എന്ന നടൻ തന്റെ അപാരമായ അഭിനയ സിദ്ധികൊണ്ട് കീഴടക്കിയ ഇതുപോലെ ഇനിയും ഒട്ടേറെ മുഹൂർത്തങ്ങളുണ്ട്. എണ്ണിപ്പറഞ്ഞാൽ തീരാത്ത അത്രയും.. ആരും ആർക്കും പകരക്കാരനാവില്ല എന്നുള്ള സത്യം ഉൾക്കൊണ്ട് തന്നെ പറയട്ടെ, കാലമെത്ര കഴിഞ്ഞാലും സുരേന്ദ്രനാഥതിലകൻ പോലെ അഭ്രപാളിയിൽ വിസ്മയം തീർത്ത ഒരുനടൻ ഇനിയുണ്ടാവില്ല..
നടനകലയുടെ പെരുന്തച്ചന് ഓർമ്മപ്പൂക്കൾ
COMMENTS